കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ ഉന്നത സമിതി രൂപീകരിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി
1 min readകോട്ടയം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് മന്ത്രി ആര്‍ ബിന്ദു. നേരത്തെ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ട് കിട്ടി. എന്നാല്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തെളിവെടുപ്പിനെത്തിയില്ല. കുറെക്കൂടി ഉന്നതതല സമിതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. അതുപ്രകാരം കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതതല കമ്മീഷന്‍ 2 ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇക്കാര്യം പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി അറിയിച്ചു. നാളെ മുതല്‍ ജനുവരി എട്ടുവരെ അടച്ചിടാനാണ് കളക്ടറുടെ ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ക്രിസ്മസ് ദിനം മുതല്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരിക്കേയാണ് കലക്ടറുടെ നടപടി. വിദ്യാര്‍ഥികളുടെ നിരാഹാരസമരത്തില്‍ അനിഷ്ട്ട സംഭവങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. അതേസമയം ക്യാംപസിലെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ , മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരടങ്ങുന്ന പുതിയ കമ്മിഷനെയും സര്‍ക്കാര്‍ നിയമിച്ചു.
വിദ്യാര്‍ഥികള്‍ മാത്രമല്ല. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടര്‍ക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രം ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല.
വിദ്യാര്‍ഥികളുടെ പരാതി അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെ വച്ചെങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് രണ്ടു ദിവസം മുമ്പ് മാത്രം. ആഷിക് അബു ഉള്‍പ്പെടെ സിപിഎം സഹയാത്രികരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ചലച്ചിത്രോല്‍സവ വേദിയില്‍ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ ഇതും കണ്ടമട്ടില്ല.
സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിധേയന്‍ എന്ന അടൂര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പോലും പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ ആയുധമാക്കുന്നു.