ഗവര്‍ണറുടേത് കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമം, പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരം: മന്ത്രി ബിന്ദു

1 min read

തിരുവനന്തപുരം: ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്ന് മന്ത്രി ബിന്ദു. ചാന്‍സലര്‍ കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണെന്ന് തോന്നുന്നു. അതിനെയൊക്കെ മറിടകന്ന നാടാണ് കേരളം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിളക്കത്തോടെ വേറിട്ട് നില്‍ക്കുന്ന ഇടമാണ് കേരളം. പല കാര്യത്തിലും രാജ്യത്ത് ഒന്നാമത് കേരളമാണ്. സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടുന്ന പരിശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പദവിയോട് ഉയര്‍ന്ന ബഹുമതി ഇതേവരെ പുലര്‍ത്തി. മന്ത്രികളെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നിട്ടുള്ളത്. കേരളത്തിലെ വിസിമാര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ സര്‍വകലാശാലകളെ മികവിന്റെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നവരാണ്. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനം തകര്‍ക്കുന്ന ഗവര്‍ണറുടെ നിലപാട് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള യോഗം അടുത്ത ദിവസങ്ങളില്‍ നടക്കുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റത്തിലേക്ക് പോവുകയാണ്. അതിനെ സഹായിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ദുഷ്ടലാക്കോടെയാണ് ഗവര്‍ണര്‍ ഈ ഫത്വ പുറപ്പെടുവിച്ചത്. ഇതുവരെ കേരളം ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അതിനെ എന്ത് വില കൊടുത്തും ചെറുക്കും.

പ്രതിപക്ഷം ഇതുവരെ എടുത്ത നിലപാടല്ല ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും മന്ത്രി വിമര്‍ശിച്ചു.

Related posts:

Leave a Reply

Your email address will not be published.