മേപ്പാടി കോളേജ് സംഘര്‍ഷത്തെ ചൊല്ലി തര്‍ക്കം; ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
1 min readതിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി. ഇരുപക്ഷവും വാക്‌പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മേപ്പാടി പോളി ടെക്‌നിക്കില്‍ കെഎസ്‌യു യൂണിയന്‍ പിടിച്ച ശേഷം ആണ് സംഘര്‍ഷം ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ലഹരി കേസില്‍ പെട്ട് സസ്‌പെന്‍ഷനില്‍ ആയ വിഷ്ണു എസ്എഫ്‌ഐ നേതാവാണ്. മര്‍ദ്ദനമേറ്റ അപര്‍ണ ഗൗരി തന്നെ വിഷ്ണുവിനെതിരെ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതാണ് ബഹളത്തിലേക്ക് നീങ്ങാന്‍ കാരണം.
വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ ബഹളം രംഗത്തിറങ്ങി. ഇതോടെ പ്രതിപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. ഇരുപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റതോടെ സഭയില്‍ വലിയ ബഹളം നടന്നു. ഇതിനിടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ മന്ത്രി എംബി രാജേഷ്, മര്‍ദ്ദനമേറ്റ അപര്‍ണ ഗൗരിയുടെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാമെന്ന് പറഞ്ഞു.
തന്റെ പ്രസംഗം പൂര്‍ത്തിയാകാതെ മന്ത്രിമാര്‍ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇതിനെ എതിര്‍ത്തു. അപര്‍ണയെ ആക്രമിച്ച കേസിലെ പ്രതികള്‍ മാസങ്ങള്‍ക്ക് മുന്‍പ് എംഎസ്എഫിന്റെ കൊടിമരം ആക്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെണ്‍കുട്ടിയെ ആക്രമിച്ച പ്രതികള്‍ തന്നെയാണ് എം എസ് എഫിന്റെ കൊടി നശിപ്പിച്ച കേസിലെയും പ്രതികള്‍.
മേപ്പാടി പോളിടെക്‌നിക് കോളേജില്‍ ലഹരിമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചതിനാണ് എസ്എഫ്‌ഐ നേതാവിനെതിരെ നടപടിയെടുത്തത്. ഇതോടെ ഭരണപക്ഷം പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബഹളം വെച്ചു. ബഹളം തുടരുക ആണെങ്കില്‍ താന്‍ നിര്‍ത്താമെന്നും മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പൊളിറ്റിക്കല്‍ സ്‌പോണ്‍സര്‍ഷിപ്പുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. എറണാകുളത്ത് എസ്എഫ്‌ഐയുടെ ഫുട്‌ബോള്‍ മാച്ചിന് സംഭാവന നല്‍കിയ സിഐടിയു നേതാവ് ഇപ്പോള്‍ ലഹരി കേസില്‍ പ്രതിയാണ്.
ഭരണപക്ഷ അംഗങ്ങള്‍ വീണ്ടും ബഹളം വെച്ചതോടെ എല്ലാവരോടും ശാന്തമായിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റ് വാക്‌പോര് തുടര്‍ന്നു. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. ഇരു പക്ഷവും സീറ്റില്‍ ഇരിക്കണം എന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ വാക്‌പോര് രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു