മലപ്പുറം നഗരസഭ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് കോട്ടക്ക് വിള്ളല്‍
1 min readമലപ്പുറം: മലപ്പുറം നഗരസഭയിലെ 31ാം വാര്‍ഡ് കൈനോട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റിന് വിള്ളല്‍. ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ഷിജു മലപ്പുറം നഗരസഭയിലെ 31 ാം വാര്‍ഡിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 1019 വോട്ടാണ് സി.ഷിജുവിന് ലഭിച്ചത്. യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സി. സുജാത പരമേശ്വരന് 1007 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ. ഷിജുമോന് ഏഴ് വോട്ടുകളും സുജാതയ്ക്ക് ഏഴ് വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ വാര്‍ഡില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. ഇതാണ് ഇത്തവണ കുത്തനെ ഇടിഞ്ഞത്. വാര്‍ഡിലെ 2306 വോട്ടര്‍മാരില്‍ 2040 വോട്ടര്‍മാര്‍ വോട്ട് ചെയ്തിരുന്നു. എല്‍ ഡി എഫ് കൗണ്‍സിലര്‍ വി.കെ റിറ്റുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020 ല്‍ ആകെ പോള്‍ ചെയ്ത വോട്ട് 1875 എണ്ണമായിരുന്നു. എല്‍ ഡി എഫ് 1112 ഉം യു ഡി എഫ് 749 ഉം മറ്റുള്ളവര്‍ 14 ഉം വോട്ടുകള്‍ നേടി 362 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.കെ റിറ്റു ജയിച്ച് കയറിയത്. മലപ്പുറം നഗരസഭയില്‍ യു ഡി എഫ് ഭരണസമിതിയാണ്. ആകെയുള്ള 40 വാര്‍ഡുകളില്‍ 25 എണ്ണത്തില്‍ യു ഡി എഫ്, 15 എല്‍ ഡി എഫ് എന്നിങ്ങനെയാണ് കക്ഷി നില. 25 യു ഡി എഫ് സീറ്റില്‍ 23 എണ്ണം മുസ്‌ലിം ലീഗിന്റെ കൗണ്‍സിലര്‍മാരാണ്.