സുധാകരന്‍ അടഞ്ഞ അധ്യായമെന്ന് എം എം ഹസ്സന്‍
1 min readദുബായ് : കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദം അടഞ്ഞ അധ്യായമെന്ന് യുഡിഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. സുധാകരന്റേത് നാക്കു പിഴയാണ്. അതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസ്സന്‍ പറഞ്ഞു. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ സുധാകരനെതിരെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നത്. ഇതിന് പിന്നാലെ വാക്കുപിഴയെന്ന് സുധാകരന്‍ വ്യക്തമാക്കിയെങ്കിലും ഖേദപ്രകടനം കൊണ്ടായില്ലെന്നായിരുന്നു കെ മുരളീധരന്‍ അടക്കമുള്ളവരുടെ പ്രതികരണം.
അതേസമയം ആര്‍എസ്എസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാല്‍ വിവാദത്തിലായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂര്‍ ഡിസിസി ഓഫീസ് റോഡില്‍ സ്ഥാപിച്ച പോസ്റ്ററിലുള്ളത്. സേവ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്ന പേരിലാണ് ഡിസിസി ഓഫീസ് റോഡില്‍ ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചതോടെ ബോര്‍ഡ് പിന്നീട് അപ്രത്യക്ഷമായി.
ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആര്‍എസ്എസിന്റെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായത് കോണ്‍ഗ്രസിന് വലിയ ആഘാതമാണുണ്ടാക്കിയത്. സുധാകരന്റെ മൃതു ആര്‍എസ്എസ് സമീപനം യുഡിഎഫിനുള്ളിലും വലിയ തോതില്‍ വിമര്‍ശനം സൃഷ്ടിച്ചു. മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികളും സുധാകരനെതിരെ രംഗത്തെത്തി.
അധ്യക്ഷ പദത്തില്‍ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവര്‍ത്തിച്ചുള്ള വിവാദ പരാമാര്‍ശങ്ങളുണ്ടായത്. പാര്‍ട്ടി വെട്ടിലായതോടെ സുധാകരനെതിരായ നീക്കങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമായി. ലീഗ് അതൃപ്തി അറിയിച്ചത് അവസരമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തന്നെ പരസ്യമായി കടുപ്പിച്ചു. കെ. മുരളീധരനടക്കമുള്ള നേതാക്കളും തിരുത്തല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യസമിതിയില്‍ പ്രസിഡന്റിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് നേതാക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സുധാകരന്റെ രാജിസന്നദ്ധതാ നീക്കം. സതീശനുമായി ഉടക്ക് തുടര്‍ന്ന് സുധാകരനുമായി അനുരജ്ഞനത്തിലെത്തിയ ചെന്നിത്തല വിവാദത്തിന് കര്‍ട്ടനിട്ടെന്ന് പ്രഖ്യാപിച്ച് സുധാകരന് പരസ്യ പിന്തുണ നല്‍കി.
എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് എതിര്‍പ്പുള്ള ചെന്നിത്തല വിവാദത്തിന് കര്‍ട്ടനിട്ടെന്ന് പ്രഖ്യാപിച്ച് സുധാകരന് പരസ്യ പിന്തുണ നല്‍കി. രക്തസാക്ഷി പരിവേഷത്തിലേക്ക് സുധാകരനെത്തിയതും ലീഗിന്റെ അതൃപ്തിക്ക് കോണ്‍ഗ്രസ് വഴങ്ങിയെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതും മനസിലാക്കി സതീശനും അയഞ്ഞു. സുധാകരന്റെ ചികിത്സ കണക്കിലെടുത്ത് നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. ഇനി എന്ന് യോഗം ചേരുമെന്നതില്‍ വ്യക്തതയില്ല. രാജിസന്നദ്ധതാ നീക്കം വന്നതോടെ നേരത്തെ ചര്‍ച്ചയാവശ്യപ്പെട്ട നേതാക്കളും അത് അവസരമാക്കി വിവാദം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ്.