പ്രഖ്യാപനത്തിലൊതുങ്ങി ഫ്‌ലാറ്റ് പദ്ധതി; മാവൂരില്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം

1 min read

കോഴിക്കോട് : ഭൂരഹിതരായ ഭവന രഹിതര്‍ക്കുവേണ്ടി ലൈഫ് പദ്ധതി പ്രകാരം പ്രഖ്യാപിച്ച ഫ്‌ലാറ്റ് പദ്ധതി ഭൂരിഭാഗം ഇടങ്ങളിലും പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പലയിടങ്ങളിലും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നെങ്കിലും ശിലാഫലകങ്ങള്‍ മാത്രമാണ് പലയിടത്തും ബാക്കിയുള്ളത്. കോഴിക്കോട് മാവൂരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫ്‌ലാറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

മാവൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് വര്‍ഷം മുമ്പ് 2020 സെപ്റ്റംബര്‍ 24നാണ് ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തി. പിടിഎ റഹിം എംഎല്‍എ അധ്യക്ഷന്‍ ആയിരുന്നു. എന്നാല്‍ ഒരു ശിലാഫലകം മാത്രമാണ് പദ്ധതിയുടേതായി ബാക്കിയുള്ളത്. ഉദ്ഘാടനം നടന്ന സ്റ്റേജിന്റെ അടിയില്‍ വിശ്രമിക്കുകയാണ് ഇത്.

തിടുക്കപ്പെട്ട് നടന്ന ഉദ്ഘാടനത്തില്‍ പഞ്ചായത്തിന് നഷ്ടം മാത്രമെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് പറയുന്നത്. ഉദ്ഘാടന ചടങ്ങിന്റെയും ശിലാഫലകം തയ്യാറാക്കിയതിന്റെയും പ്രദേശത്തിന്റെ എസ്റ്റിമേറ്റ് എടുക്കാന്‍ കാട് വെട്ടിയ വകയിലും പഞ്ചായത്തിന് നല്ലൊരു തുക ചിലവായി. എംഎല്‍എ പറഞ്ഞാണ് ശിലാഫലകം തയ്യാറാക്കിയതെന്നും മുനീറത്ത് പറഞ്ഞു.

എന്നാല്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി എങ്ങനെ ശിലാഫലകത്തില്‍ ഒതുങ്ങി എന്ന കാര്യത്തില്‍ എംഎല്‍എ പിടിഎ റഹീമിന് വലിയ ധാരണയില്ല. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമാണ് എംഎല്‍എയ്ക്ക് ഉറപ്പുള്ളത്. കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് ഒന്നര ഏക്കര്‍ ഭൂമിയില്‍ ഫ്‌ലാറ്റ് കെട്ടി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതി പ്രഖ്യാപിച്ച സ്ഥലം കാട് മൂടി കിടക്കുകയാണ്. കുടുംബങ്ങള്‍ ആകട്ടെ ദുരിത ജീവിത തുടരുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതി എന്ന രീതിയില്‍ പ്രാധാന്യമോ പരിഗണനയോ കിട്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Related posts:

Leave a Reply

Your email address will not be published.