ഗവര്‍ണര്‍ ഭരണം വേണ്ട; ഒറ്റ ചാന്‍സലര്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാകെ ഗവര്‍ണര്‍ ഏറ്റെടുത്ത പ്രതീതിയാണെന്ന് മുസ്ലിം ലീഗ് നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണ്ണര്‍ കേറി ഭരിക്കുകയാണ്. അത് അംഗീകരിച്ച് പോകാന്‍ പറ്റില്ല. സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷം എന്ന നിലയില്‍ നേരിട്ടോളാം. എന്നാല്‍ മുന്‍പെങ്ങും കാണാത്ത ഇടപെടലാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണറെ നീക്കം ചെയ്യണമെന്ന നിലപാടില്‍ ലീഗിന് മാറ്റമില്ല. ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അസാധാരണമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. ചാന്‍സലര്‍ നിയമനത്തിലും ഒന്ന് പോയി മറ്റൊന്ന് വരുന്ന സ്ഥിതി ഉണ്ടാകരുത്. അതിനാണ് പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാല ഭരണത്തില്‍ പ്രതിപക്ഷത്തെ കേള്‍ക്കുന്നേയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

സര്‍വകലാശാലകളെ ഏകപക്ഷീയമായും യൂണിയന്‍ വത്കരിച്ചും മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും സര്‍വകലാശാലകളെ മോചിപ്പിക്കണം. ഗവര്‍ണര്‍ കയറി ഭരണമേറ്റാല്‍ നഖശിഖാന്തം എതിര്‍ക്കും. പകരം സംവിധാനമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 14 ആളിന് പകരം നിഷ്പക്ഷനായ ഒരു ചാന്‍സിലര്‍ മതി. പ്രതിപക്ഷ നിലപാട് വളരെ ക്ലിയര്‍ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.