കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി

1 min read

സാങ്കേതിക സര്‍വകലാശാല (കെടിയു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്. നിയമകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. വിധിക്കെതിരെ നേരത്തെ മുന്‍ വിസി ഡോ. രാജശ്രീയും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. സെലക്ഷന്‍ കമ്മറ്റിയുടെ പിഴവിന് താന്‍ ഇരയായെന്ന് രാജശ്രീ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീംകോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ വിഷയം ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും ഹര്‍ജിയില്‍ കേരളം പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നുണ്ടെന്നാണ് വിവരം .

യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളില്‍ അടക്കം യുജിസി ചട്ടങ്ങള്‍ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ചൂണ്ടിക്കാട്ടുന്നത് സാങ്കേതിക വിഷയങ്ങളാണ്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് സെലക്ഷന്‍ കമ്മിറ്റിയാണ്. ആ നടപടിയിലെ പിഴവിന് താന്‍ ഇരയായി എന്നാണ് രാജശ്രീ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലോ, ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതോ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെങ്കില്‍ ആ നടപടിയില്‍ തനിക്ക് പങ്കില്ലെന്നും രാജശ്രീ സമര്‍പ്പിച്ച റിവ്യൂവില്‍ പറയുന്നു. രാജശ്രീയുടെ നിയമനം അസാധുവാണെന്നാണ് വിധിയില്‍ പറഞ്ഞിരുന്നത്. നാല് വര്‍ഷം വിസിയായിരുന്ന തനിക്ക് ശമ്പളവും മറ്റു അനൂകൂല്യവും നല്‍കിയിരുന്നു. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ ഇവ തിരിച്ചടക്കേണ്ടിവരും അതിനാല്‍ മുന്‍കാലപ്രാബ്യല്യം നല്‍കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. വിധികാരണം സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. തങ്ങള്‍ ശുപാര്‍ശ ചെയ്തവരെ തളളിക്കളഞ്ഞ് സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലായിരുന്നെന്നും അതിനാലാണ് സിസ തോമസിനെ കണ്ടെത്തിയതെന്നുമാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. വിസി നിയമനത്തിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ അനാവശ്യമായിപ്പോയെന്ന് കോടതി ഇന്നലെ വാദത്തിനിടെ പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.