കെടിയു മുന്‍ വിസി സുപ്രീംകോടതിയില്‍

1 min read

കെടിയു മുന്‍ വിസി സുപ്രീംകോടതിയില്‍. കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കി, ശമ്പളവും മറ്റു അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലരായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കെ ടി യു വൈസ് ചാന്‍സലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍, അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിയിരുന്നു നടപടി.

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യു ജി സി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറണം. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Related posts:

Leave a Reply

Your email address will not be published.