പരസ്യം പാടില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

1 min read

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. മുന്‍ സുപ്രിം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളില്‍ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

സുപ്രീം കോടതിയുടെ മുന്‍വിധികള്‍ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കെ എസ് ആര്‍ ടി സിയ്ക്കായി ഹര്‍ജി നല്‍കിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ നടന്ന കുട്ടികള്‍ വിനോദ സഞ്ചാരത്തിനായി പോയിരുന്ന സ്വകാര്യ ബസും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒമ്പത് പേരായിരുന്നു മരിച്ചത്. ഇതിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവായത്.

Related posts:

Leave a Reply

Your email address will not be published.