ഹോട്ടലാണെന്നുകരുതി ഹോസ്റ്റലില്‍ കയറിയവരല്ല ഞങ്ങള്‍ ആരോഗ്യസര്‍വകലാശാലയോട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍

1 min read

കോഴിക്കോട്: ഹോസ്റ്റല്‍ സമയ വിഷയത്തില്‍ ആരോഗ്യസര്‍വകലാശാലയുടെ അസാധാരണ വാദങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ ഹോട്ടലല്ലെന്നും 25 വയസ്സായാലേ തീരുമാനങ്ങളെടുക്കാനുള്ള പക്വതയുണ്ടാവൂവെന്നുമുള്ള വാദങ്ങള്‍ ഇന്ത്യയിലെ തന്നെ സുപ്രധാനമായ ഒരു സര്‍വകലാശാലയില്‍നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ലെന്നാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നത്.

‘ഒരു കഴമ്പുമില്ലാത്ത കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് വളരെ ദുഃഖകരമാണ്. എന്തായാലും കോടതിയിലെ സംഭവങ്ങള്‍ മൊത്തം കഴിഞ്ഞിട്ടില്ല. മൂവ്‌മെന്റ് രജിസ്റ്ററില്‍ എഴുതിയിട്ട് കയറാമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പുറത്തേക്ക് പോകുന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. ഇതില്‍ ഒന്നുകൂടി വ്യക്തതവരുത്താന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇനിയും കേസുള്ളത്’ അവസാനവര്‍ഷ വിദ്യാര്‍ഥിയും മെഡിക്കല്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയുമായ ഹെന്ന ഹനന്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ ബുദ്ധിവൈഭവത്തെ എത്ര ലാഘവത്തോടെയാണ് സര്‍വകലാശാല പുച്ഛിച്ചുതള്ളിയതെന്ന് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ എന്‍. സിദ്ധാര്‍ഥ് ചോദിക്കുന്നു. മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അതിനെ ഭയക്കുന്ന സര്‍വകലാശാലകള്‍ വേണോ വേണ്ടയോ എന്ന് വിദ്യാര്‍ഥിസമൂഹം തീരുമാനിക്കുമെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

അന്താരാഷ്ട്രനിലവാരത്തിലേക്ക് സര്‍വകലാശാലകളെ ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ത്തന്നെയാണ് ഈ പിന്തിരിപ്പന്‍ ആശയങ്ങളെന്നും കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍.ഐ.ടി., ഐ.ഐ.ടി., ജിപ്മര്‍ തുടങ്ങിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊക്കെ രാത്രിയിലും കുട്ടികള്‍ക്ക് പുറത്തിറങ്ങാനും പഠനസൗകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയും. ഇതിന് മതിയായ സുരക്ഷ അവര്‍ കാമ്പസുകളില്‍ ഒരുക്കുന്നുമുണ്ട്. ഇതിനൊക്കെ ഉപരിയാണല്ലോ സഞ്ചാരസ്വാതന്ത്ര്യമെന്നും കുട്ടികള്‍ ചോദിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.