അനുസരണയുള്ള നായ്ക്കളെപ്പോലെയെന്ന് കോളേജ് അധ്യാപകരെക്കുറിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ജോയന്റ് ഡയറക്ടര്‍

1 min read

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷാമുന്നൊരുക്കവുമായി ബന്ധപ്പെട്ട യോഗത്തില്‍, ‘അനുസരണയുള്ള നായ്ക്കളെപ്പോലെ’ എന്ന് കോളേജ് അധ്യാപകരെക്കുറിച്ച് പരാമര്‍ശിച്ചത് വിവാദമാകുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയന്റ് ഡയറക്ടര്‍ ഡോ. എസ്.എസ്. വിവേകാനന്ദനാണ് പരാമര്‍ശം നടത്തിയത്.

”പരീക്ഷാജോലികള്‍ കോളേജ് അധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കിയശേഷം അവര്‍ അനുസരണയുള്ള നായ്ക്കളെപ്പോലെയാണ്” എന്നായിരുന്നു പരാമര്‍ശം. ജില്ലയിലെ പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ടുമാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തിലായിരുന്നു ഇത്. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു യോഗം.

ഹയര്‍സെക്കന്‍ഡറി പരീക്ഷാനടത്തിപ്പില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആക്ഷേപമുണ്ട്. വ്യാപകമായ ക്രമക്കേടാണ് ഈ ജില്ലകളില്‍ നടക്കുന്നതെന്നാണ് പറഞ്ഞത്. ഏതെങ്കിലും ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നില്ല ഈ പരാമര്‍ശം.

അനുചിതപരാമര്‍ശങ്ങള്‍ക്കെതിരേ അധ്യാപകസംഘടനകള്‍ രംഗത്തെത്തി. അപലപനീയമായ പരാമര്‍ശം പിന്‍വലിച്ച് അധ്യാപകസമൂഹത്തോട് മാപ്പുപറയണമെന്ന് കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഉപയോഗിക്കുന്ന ഭാഷ മാന്യമാവണമെന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം പരാമര്‍ശവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ജോയന്റ് ഡയറക്ടറുമായി ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

Related posts:

Leave a Reply

Your email address will not be published.