കൊടകരയിലെ അതിരുദ്ര മഹായാഗം: യജമാനനായി പിന്നാക്കക്കാരന്
1 min readപുതുക്കാട് : കൊടകര തേശ്ശേരി തപോവനം ശ്രീദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിലെ അതിരുദ്ര മഹായാഗത്തിനുള്ള യാഗ യജമാനനായി പിന്നാക്കക്കാരന്. കൊടകരക്കടുത്ത് വട്ടേക്കാട് ഈഴവ തറവാടായ ഇല്ലത്തുപറമ്പില്‍ ചന്ദ്രന്റെയും ഉണ്ണിയമ്മയുടെയും മകനായ അശ്വനിദേവാണ് പതിനൊന്ന് വര്‍ഷക്കാലം മഹാരുദ്രയജ്ഞം നടത്തി യജമാനനാകാനുള്ള യോഗ്യത നേടിയത്.സാധാരണ യാഗങ്ങളില്‍ കേരളത്തിലെ ചുരുക്കം ചില നമ്പൂതിരി ഇല്ലങ്ങളിലെ വേദജ്ഞരാണ് യജമാനരാകാറ്.1998ല്‍ പന്ത്രണ്ടാമത്തെ വയസില്‍ പരമേശ്വരാനന്ദ സരസ്വതി സ്വാമികളില്‍ നിന്നും ദീക്ഷ സ്വീകരിച്ച് ഗുരുകുല സമ്പ്രദായത്തില്‍ ജീവിതവും പഠനവും ആരംഭിച്ച അശ്വനിദേവ് വേദ പഠനം കഴിഞ്ഞ് അറുപതോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തി. ഇരുപത്തിനാലാമത്തെ വയസില്‍ യജുര്‍വേദത്തിലെ തൈത്തീരിയ ഭാഗം ഹൃദിസ്ഥമാക്കിയ ജനവിധാനം പഠിച്ച് ശ്രീരുദ്രയാഗം നടത്താന്‍ അര്‍ഹത നേടി. കൈമുക്ക് വൈദികരുടെ അനുഗ്രഹത്തോടെയാണ് യജുര്‍വേദത്തിലെ തൈത്തീരിയ സംഹിത വിഭാഗം വേദപഠനം നടത്തിയത്. തേശ്ശേരി തപോവനം ശ്രീദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിന്റെ സ്ഥാപകനാണ്. തേശ്ശേരി യു.പി സ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 2019 മുതല്‍ എസ്.എന്‍.ഡി.പി വൈദിക യോഗം കേന്ദ്ര ആചാര്യനായി ആയിരത്തോളം വൈദികര്‍ക്ക് ജ്യോതിഷം, സംസ്കൃതം, വാസ്തു, സനാതന ധര്‍മ്മം എന്നീ വിഷയങ്ങളില്‍ ക്ലാസ് നടത്തി..ജനുവരി 9 മുതല്‍ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ മുഖ്യആചാര്യന്‍ പെരുമ്പടപ്പ് മന ഹൃഷികേശന്‍ സോമയാജിപ്പാടാണ്. ഗുരുവായൂര്‍, ശബരിമല, കാശി, രാമേശ്വരം, മൂകാംബിക, തിരുപ്പതി, ബദരിനാഥ് തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ പ്രഥമ ആചാര്യന്മാരും ,ആയിരത്തിലധികം സന്യാസിവര്യന്മാരുടെ യതിപൂജയും ആദരവും ഈ യാഗത്തിന്റെ പ്രത്യേകതയാണ്.