കിഫ്ബി മസാല ബോണ്ട് ; തോമസ് ഐസക്ക്, കിഫ്ബി ഹര്‍ജികളില്‍ വിധി ഇന്ന്
1 min readകൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചാണ് വിധി പറയുക. ഇഡിയുടെ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ.
മസാല ബോണ്ടിൽ നിന്ന് ലഭിച്ച പണം വഴിമാറ്റി ചെലവാക്കിയോ എന്ന് അന്വേഷിക്കണമെന്ന് കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വകമാറ്റി ചെലവഴിച്ചോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇഡി അന്വേഷണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കിഫ്‌ബിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്. കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്.