ചന്ദ്രബോസ് വധക്കേസ്; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും
1 min readചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആയതിനാല്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുക. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചിരുന്നു.
ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് സര്‍ക്കാരിന്റെ അപ്പീല്‍ ഫയല്‍ ചെയ്യുക. നേരത്തെ തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഹമ്മദ് നിഷാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപ്പീല്‍ കനത്ത വിമര്‍ശനത്തോടെയാണ് സുപ്രീം കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കണക്കിലെടുത്തായിരുന്നു അന്ന് സുപ്രീംകോടതിയുടെ നടപടി. ജാമ്യം നേടി പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ അപായപ്പെടുത്താന്‍ നിഷാം തന്റെ സമ്പത്ത് ഉപയോഗിച്ചേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് അന്ന് ഹര്‍ജി തള്ളിയത്.