ഉത്സവകാലത്ത് ആനകള്‍ക്ക് പ്രത്യേക സ്വീകരണമോ തലപ്പൊക്കമത്സരങ്ങളോ പാടില്ല, നടപടിയെടുക്കാന്‍ അധികൃതര്‍

1 min read

കൊല്ലം: ക്ഷേത്രങ്ങളില്‍ ഇനി ഉത്സവകാലമാണ്. ഡിസംബര്‍മുതല്‍ മേയ്‌വരെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ചെറുതും വലുതുമായ ഉത്സവങ്ങള്‍ കൊടിയേറും. മിക്കയിടത്തും കെട്ടുകാഴ്ചകള്‍ വിപുലമാക്കാനുള്ള ഒരുക്കങ്ങളിലാണ്. അതേസമയം, ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉത്സവ കമ്മിറ്റിക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

ഉത്സവസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ പറഞ്ഞു. ആചാരത്തിന്റെ ഭാഗമല്ലാതെ പലയിടത്തും ആനകള്‍ക്ക് സ്വീകരണം നല്‍കുകയും തലപ്പൊക്കമത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്വീകരണങ്ങള്‍ ഒരുക്കുന്ന നടത്തിപ്പുകാര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മദപ്പാടുള്ളതും അസുഖം ബാധിച്ചതുമായ ആനകളെ എഴുന്നള്ളിപ്പില്‍നിന്ന് ഒഴിവാക്കണം. ഉച്ചത്തിലുള്ള അലര്‍ച്ചയും മറ്റുമുള്ള ഫ്‌ളോട്ടുകള്‍ അനുവദിക്കരുത്. കെട്ടുകാഴ്ചകളില്‍ ആനകളുടെ എഴുന്നള്ളിപ്പിനിടെ കുതിരകളെ ഒഴിവാക്കണം. കുതിരക്കുളമ്പടിശബ്ദം ആനയെ വിറളിപിടിപ്പിക്കാന്‍ ഇടയാക്കും. ഒരു ദിവസം തുടര്‍ച്ചയായി ആറുമണിക്കൂറില്‍ കൂടുതല്‍ ആനകളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുത്. ചൂടുസമയത്തും പകല്‍സമയത്തും എഴുന്നള്ളിക്കാന്‍ പാടില്ല. ആനയ്ക്ക് ആഹാരവും വെള്ളവും ലഭിക്കുന്നെന്ന് ആനത്തൊഴിലാളികളും ഉത്സവഭാരവാഹികളും ഉറപ്പു വരുത്തണം.

ആനയുടെ തലയെടുപ്പുമത്സരം നടത്തരുത്. കുട്ടിയാനകളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുത്. ആനയുടെ കഴുത്തില്‍ അതിന്റെ പേര് പ്രദര്‍ശിപ്പിക്കണം. എഴുന്നള്ളിപ്പ് സമയങ്ങളില്‍ ഒന്നാംപാപ്പാന്‍ ആനയുടെ അടുത്തുതന്നെ ഉണ്ടായിരിക്കണം.

ആനയെ ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച വടികള്‍ ഉപയോഗിച്ചു പീഡിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവ കമ്മിറ്റി ഉറപ്പു വരുത്തണം.

തീവെട്ടികള്‍ ആനകള്‍ക്ക് ചൂടേല്‍ക്കാത്ത അകലത്തില്‍ പിടിക്കണം. ആഘോഷവേളകളില്‍ ആനയുടെ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തിയ ഡേറ്റാ ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 15 ദിവസത്തിനകം വാങ്ങിയ ആനയുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശമുണ്ട്.

Related posts:

Leave a Reply

Your email address will not be published.