ജയില്‍ ഉദ്യോഗസ്ഥരുടെ അച്ചടക്കമില്ലായ്മയും എണ്ണക്കുറവും സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷാവീഴ്ചയുണ്ടാക്കുന്നു.
1 min readതിരുവനന്തപുരം: ജയില്‍ ഉദ്യോഗസ്ഥരുടെ അച്ചടക്കമില്ലായ്മയും എണ്ണക്കുറവും സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷാവീഴ്ചയുണ്ടാക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലാജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സുരക്ഷാവീഴ്ച കാരണമായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമാക്കാത്തതും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതുമാണ് സുരക്ഷാവീഴ്ചയുണ്ടാക്കുന്നത്.
ഡ്യൂട്ടിസമയത്തും അല്ലാതെയും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഉത്തരവുകളും ജയില്‍ മേധാവിയുടെ സര്‍ക്കുലറുകളും ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. പല ജയിലുകളിലും ഫോണ്‍ ബോക്‌സുകളോ രജിസ്റ്ററുകളോ ഇല്ല.
ഉദ്യോഗസ്ഥരില്‍ ചിലര്‍ ഡ്യൂട്ടിക്കിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നതുകാരണം തടവുകാരെ ശ്രദ്ധിക്കുന്നില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജയിലുകളില്‍ സംഘര്‍ഷങ്ങളുണ്ടായ സമയങ്ങളിലും പ്രതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സന്ദര്‍ഭങ്ങളിലുമെല്ലാം സുരക്ഷയ്ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ജയിലുകളില്‍ എന്‍ട്രി കേഡറിലെ ഉദ്യോഗസ്ഥരുടെ കുറവും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തടവുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനുപാതം 6:1 ആകണമെന്നിരിക്കെ നാല്‍പ്പതോളം തടവുകാരുടെ സുരക്ഷയ്ക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്നതാണ് നിലവിലെ അവസ്ഥ. പല ജയിലുകളിലും മൂന്നു ബ്ലോക്കുകള്‍വരെ ഒരു ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കേണ്ടിവരുന്നുണ്ട്.