കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിച്ച് ആരോഗ്യമന്ത്രി

1 min read

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാണ്. പക്ഷേ അന്തര്‍ദേശീയ ദേശീയ തലത്തില്‍ കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രത പാലിക്കണം. ക്രിസ്മസ് ന്യൂ ഇയര്‍ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ മാസ്‌കുകള്‍ വെക്കാന്‍ ശ്രദ്ധിക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണം. സംസ്ഥാനത്ത് ജനിതക വ്യതിയാനമുണ്ടായ കൊവിഡ് വൈറസ് സാന്നിധ്യവും ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാനം ജാഗ്രതയോടെയാണ് മുന്‍പോട്ട് പോകുന്നത്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

അതേ സമയം, രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. എന്നാല്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ചൈനയിലേക്കും ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തല്‍ക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ യോഗത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സാധ്യത. ക്വാറന്റീന്‍ സൗകര്യങ്ങള്‍ കൂട്ടാന്‍ നിര്‍ദേശം നല്‍കും.

Related posts:

Leave a Reply

Your email address will not be published.