കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി: സര്‍ക്കാരിന് തിരിച്ചടി
1 min read
കൊച്ചി: കേരള ഫിഷറീസ്&സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയില്‍ പറയുന്നു.
കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ.കെ.കെ വിജയന്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന വാദം.
തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി ജോണ്‍ പി.എച്ച്.ഡി കാലയളവായ മൂന്നു വര്‍ഷം പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. റിജി ജോണിനെ നിര്‍ദ്ദേശിച്ച സേര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരും , ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിര്‍ദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട് . എന്നാല്‍ കാര്‍ഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാല്‍ യു.ജി.സി മാനദണ്ഡങ്ങള്‍ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.