ഡിസംബര്‍ അഞ്ച് മുതല്‍ നിയമസഭ സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറെ അറിയിച്ചു
1 min readതിരുവനന്തപുരം: കേരള നിയമസഭയുടെ അടുത്ത സമ്മേളനം ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു. സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കേരള നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഓര്‍ഡിനന്‍സുകള്‍ പാസാക്കാന്‍ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവില്‍ ചേര്‍ന്നപ്പോള്‍ എംബി രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേര്‍ന്നിരുന്നു.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങള്‍ കോടതി റദ്ദാക്കുകയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നിലവില്‍ പാര്‍ട്ടി ഏറ്റുവാങ്ങുകയുമാണ്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരുടെ എല്ലാം നില പരുങ്ങലിലാണ്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാന്‍ പോകുന്നത്. ഒരു ഘട്ടത്തില്‍ സിപിഎമ്മിനൊപ്പം ഗവര്‍ണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സര്‍ക്കാരിനെതിരെ നീക്കം കടുപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍നിയമനവും പ്രതിപക്ഷം സഭയില്‍ ആയുധമാക്കാനാണ് സാധ്യത.
അതേസമയം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍എസ്എസ് അനുകൂല, നെഹ്‌റു വിരുദ്ധ പ്രസ്താവനകള്‍ വച്ചാവും ഭരണപക്ഷം തിരിച്ചടിക്കുക. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിനെ കൂടി പ്രതിക്കൂട്ടിലാക്കാനും ഭരണപക്ഷം ആഗ്രഹിക്കുന്നു.