ചാന്‍സലര്‍ ബില്ല് പാസാക്കി; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

1 min read

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷം വീണ്ടും മാറ്റം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് ഇന്ന് സഭയില്‍ എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇന്ന് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാന്‍സലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

സംസ്ഥാനത്തെ 14 സര്‍വകലാശാലകള്‍ക്കുമായി ഒരൊറ്റ ചാന്‍സലര്‍ മതിയെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജ് ചാന്‍സലറാകണം. ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതി വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കറെ ഉള്‍പ്പെടുത്തി സമിതിയാകാമെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇത് പ്രതിപക്ഷവും അംഗീകരിച്ചു. എന്നാല്‍ വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യത്തിന്റെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി രാജീവ് ഈ ആവശ്യം തള്ളി. ധൈഷണിക നേതൃത്വമാണ് സര്‍വകലാശാലകള്‍ക്ക് വേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ദ്ധരാണ് ചാന്‍സലര്‍ സ്ഥാനത്തെത്തുകയെന്നും രാജീവ് പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സഭ ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട മന്ത്രി രാജീവ് പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നല്‍കില്ലെന്നും പറഞ്ഞു.

ചര്‍ച്ചയ്ക്കിടെ മുസ്ലിം ലീഗിനെ മന്ത്രി രാജീവ് വാനോളം പുകഴ്ത്തി. മുസ്ലിം ലീഗ് ആണ് ഗവര്‍ണറുടെ രാഷ്ട്രീയനീക്കം ആദ്യം തിരിച്ചറിഞ്ഞത്. ലീഗ് ഗവര്‍ണര്‍ക്ക് എതിരെ നടത്തിയ പ്രസ്താവന സഭയില്‍ വായിച്ച മന്ത്രി, കോണ്‍ഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയത്. ഗവര്‍ണര്‍ കേറി ഭരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഭരണമാകെ ഗവര്‍ണര്‍ ഏറ്റെടുത്ത പ്രതീതിയാണ്. ഗവര്‍ണറെ നീക്കണമെന്ന ലീഗ് നിലപാടില്‍ മാറ്റമില്ല. ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെയും ലീഗ് നേതാവ് വിമര്‍ശനം ഉന്നയിച്ചു. സര്‍വകലാശാലകളെ ഏകപക്ഷീയമായും യൂണിയന്‍ വത്കരിച്ചും മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. സര്‍വകലാശാല ഭരണത്തില്‍ പ്രതിപക്ഷത്തെ കേള്‍ക്കുന്നേയില്ല. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും സര്‍വകലാശാലകളെ മോചിപ്പിക്കണം. അതിനുള്ള നിര്‍ദ്ദേശമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.