മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദ്ദനം; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
1 min readതിരുവനന്തപുരം: ബസ് കൺസെഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്ക് മുൻകൂർ ജാമ്യം അർഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
സെപ്റ്റംബർ 20നാണ് സംഭവമുണ്ടായത്. മലയിൻകീഴ് മാധവകവി ഗവ.കോളജിൽ ബിരുദ വിദ്യാർഥിനിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനാണു പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ ഗ്രീരേഷ്മയിൽ പ്രേമനൻ (53) എത്തിയത്. രേഷ്മയും ഒപ്പമുണ്ടായിരുന്നു. കൺസഷൻ ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരൻ പറഞ്ഞു. 3 മാസം മുൻപ് കാർഡ് എടുത്തപ്പോൾ സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പ്രേമനൻ വിശദീകരിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രേമനനെ വളഞ്ഞിട്ടു മർദിക്കുകയുമായിരുന്നു.