പുറത്താക്കാതിരിക്കാന്‍ കാരണം എന്ത്? ഗവര്‍ണര്‍ക്ക് മറുപടി നല്‍കി കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍

1 min read

കണ്ണൂര്‍: കാരണം കാണിക്കല്‍ നോട്ടീസിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ മറുപടി നല്‍കി. അഭിഭാഷകന്‍ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. നിയമനത്തില്‍ ചട്ടലംഘനമെന്ന ആരോപണം തള്ളിയാണ് കണ്ണൂര്‍ വി സിയുടെ മറുപടി. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് വി സി മറുപടി നല്‍കിയത്.

ഏഴ് വിസിമാര്‍ നേരത്തെ തന്നെ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ കൂടിയാണ് ഇനി മറുപടി നല്‍കേണ്ടത്. അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നല്‍കിയ വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നല്‍കിയ വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.

അതിനിടെ, കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാന്‍ സെര്‍ച്ച് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിര്‍ദേശം ചെയ്യാത്ത പക്ഷം തുടര്‍ന്നടപടി കൈക്കൊള്ളാന്‍ ചാന്‍സലറോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സര്‍വകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts:

Leave a Reply

Your email address will not be published.