കോണ്‍ഗ്രസ് നേതാക്കളുടെ ചിന്തകള്‍ മാറണം, പുതിയ മുഖമുണ്ടാകണം; കെ സുധാകരന്‍
1 min readകോഴിക്കോട്: നെഞ്ചോടു ചേര്‍ത്തു പോകേണ്ട സാധാരണക്കാരില്‍ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോണ്‍ഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയം ഇപ്പോള്‍ സ്വീകരിക്കുന്നത്. സഹായിക്കുന്നവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാല്‍ സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ ഒട്ടി നില്‍ക്കണം. പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, എംകെ രാഘവന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ശശി തരൂരിന്റെ പര്യടന വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മുന്‍നിര നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് പ്രത്യേക പ്രസക്തിയുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് മികച്ച സംഘടന പ്രവര്‍ത്തനം ആണ് നടത്തുന്നതെന്ന് ചടങ്ങില്‍ താരീഖ് അന്‍വര്‍ പറഞ്ഞു. രാജ്യം വളരെ സങ്കീര്‍ണമായ രാഷ്ട്രീയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണ്. ആളുകള്‍ യാത്രയെ സ്വീകരിക്കുന്നുണ്ട്. രാഹുലുമായി സംവദിക്കുന്നുണ്ട്. എല്ലാവരും പിന്തുണക്കുന്നു. ഇത് കാണിക്കുന്നത് കോണ്‍ഗ്രസിന്റെ തിരിച്ചു വരവാണ്. കേരളത്തിലെ കോണ്‍ഗ്രസ് വലിയ മാതൃകയാണ് എല്ലാവര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളിലൂടെയാണ് പാര്‍ട്ടി കടന്നുപോകുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ കോണ്‍ഗ്രസ് ഒന്നിച്ചു നിന്ന് പോരാടണം. രാഹുല്‍ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ പോരാട്ടത്തില്‍ അവസാനത്തെ വിജയം കോണ്‍ഗ്രസിന് തന്നെയാകും. കേരളത്തില്‍ അനവൂര്‍ നാഗപ്പന്മാര്‍ വിചാരിക്കുന്നവര്‍ക്കേ ജോലി കിട്ടുന്നുള്ളൂ. ഇതാണ് തുടര്‍ ഭരണത്തിന്റെ സംഭാവന. ബംഗാളില്‍ സംഭവിച്ചതാണ് ഇവിടെയും നടക്കുന്നത്. മദ്യവില കൂട്ടുന്ന നടപടി മദ്യക്കമ്പനികളെ സഹായിക്കാനാണ്. ടിപി രാമകൃഷ്ണന്‍ ചെയ്യാതിരുന്നത് എംബി രാജേഷ് ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് വേണം ഇതിനെല്ലാം എതിരായി പോരാടാനെന്നും അദ്ദേഹം പറഞ്ഞു.