വടക്കും തെക്കും കേരളം, രാഷ്ട്രീയം; വിവാദ പരാമര്‍ശം പിന്‍വലിച്ച് സുധാകരന്‍; പ്രതിഷേധവും ശക്തം
1 min readതിരുവനന്തപുരം: തെക്കന്‍ കേരളം പഴമൊഴികളില്‍ തന്നെ മോശമാണെന്ന പരമാര്‍ശം പിന്‍വലിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വടക്ക്-തെക്ക് മേഖലകളിലെ രാഷ്ട്രീയക്കാരെ താരതമ്യം ചെയ്തുള്ള വിവാദപരാമര്‍ശം പിന്‍വലിക്കുന്നതായി സുധാകരന്‍ വ്യക്തമാക്കി. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന്‍ പറഞ്ഞു. മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്. ആരുടെയെങ്കിലും വികാരത്തേയോ മനസ്സിനേയോ വ്രണപ്പെടുത്താന്‍ ലക്ഷമിട്ടായിരുന്നില്ല പരാമര്‍ശമെന്നും അങ്ങനെയാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നതായും സുധാകരന്‍ പറഞ്ഞു.
‘മലബാറും തിരുവിതാംകൂറും തമ്മില്‍ ഒരു വ്യത്യാസമുണ്ട്, അതിന്റെ പ്രതിഫലനമാണോ തന്റെ രാഷ്ട്രീയ രീതി എന്നായിരുന്നു അവരുടെ ചോദ്യം. ഇങ്ങനെയൊരു കഥ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് എന്ന് ഞാന്‍ മറുപടി പറഞ്ഞു. അത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളു’, സുധാകരന്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ചീപ്പ് പോപ്പുലാരിറ്റിയും പൊളിറ്റിക്‌സും ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും ഒരു വിഭാഗത്തെ അപമാനിച്ചും താഴ്ത്തിക്കെട്ടിയും രാഷ്ട്രീയം നടത്താന്‍ കേരളം പോലെ ഒരു സംസ്ഥാനത്ത് സാധിക്കില്ലെന്ന സാമാന്യബുദ്ധി തങ്ങള്‍ക്കുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
‘ശശി തരൂരിനെതിരായ ‘ട്രെയിനി’ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. അത്തരത്തില്‍ ഒരുവാക്ക് അഭിമുഖത്തില്‍ ഉപയോഗിച്ചിട്ടില്ല. ആ വാക്ക് അവര്‍ ഉപയോഗിച്ചതാണ്. എന്നാല്‍, സംഘടനാ പ്രവര്‍ത്തന രംഗത്ത് തരൂര്‍ പുതുമുഖമാണെന്നും ഒരു പോസ്റ്റിലും ഇരുന്നിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്’, കെ. സുധാകരന്‍ വിശദീകരിച്ചു.
രാവണനെ വധിച്ച ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരിച്ചുവരുമ്പോള്‍ ലക്ഷ്മണനും രാമനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു വിവാദമായത്. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. എന്നാല്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ ചിന്തിച്ചതില്‍ ലക്ഷ്മണന് കുറ്റബോധമുണ്ടായതെന്നും ഇത് മനസ്സിലാക്കിയ രാമന്‍ അത് ലക്ഷ്മണന്റ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞു എന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇത് തെക്കന്‍ ജില്ലക്കാരെ അപമാനിക്കുന്നതാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
എല്ലാ കാലത്തും വിഭജനത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിനെന്നും തെക്കും വടക്കുമല്ല പ്രശ്‌നം മനുഷ്യഗുണമാണ് വേണ്ടതെന്നും മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
തരൂരിന് മികച്ച വ്യക്തിത്വമുണ്ടെങ്കിലും സംഘടനാപരമായി അദ്ദേഹം ട്രെയിനിയാണ് എന്നായിരുന്നു തരൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.