പ്രിയ വര്‍ഗീസിനെതിരെയുള്ള ഹൈക്കോടതി വിധി സര്‍ക്കാറിന്റെ മാര്‍ക്‌സിറ്റ് വത്കരണത്തിനേറ്റ പ്രഹരം: കെ മുരളീധരന്‍

1 min read

കോഴിക്കോട്: ഓരോ കോടതി വിധികളും സര്‍ക്കാറിന്റെ മാര്‍ക്‌സിറ്റ് വത്കരണത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാണെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണറുടെ കാവി വത്കരണത്തില്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന് എതിരായ കോടതി വിധി ഗവര്‍ണര്‍ക്കും സര്‍ക്കാറിനും ഒരു പോലെ തിരിച്ചടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുധാകരന്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് യോഗ്യത അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചതിനോട് മാത്രമാണ് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കിയ കെ മുരളീധരന്‍, വി ഡി സതീശനും കെ സുധാകരനുമൊപ്പം ശശി തരൂരും സജീവമാക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് ഇന്നലെ ഉണ്ടായത്. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശയ്ക്ക് നിര്‍ദ്ദേശം നല്‍കി. മതിയായ യോഗ്യതയുണ്ടെന്ന പ്രിയ വര്‍ഗീസിന്റെയും യൂണിവേഴ്സ്റ്റിയുടെയും വാദങ്ങള്‍ കോടതി പൂര്‍ണ്ണമായി തള്ളി.

അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യുജിസി ചട്ടപ്രകാരം വേണ്ട എട്ട് വര്‍ഷത്തെ അധ്യാപന പരിചയം പ്രിയ വര്‍ഗീസിനില്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പ്രിയ വര്‍ദീസിന്റെ യോഗ്യത പുനഃപരിശോധിക്കാന്‍ കോടതി സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. റാങ്ക് പട്ടികയില്‍ പ്രിയ വേണോ എന്ന് പുനഃപരിശോധിക്കാന്‍ സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ച കോടതി പട്ടിക പുനഃക്രമീകരിച്ച് നിയമനം നടത്താനും നി!ദ്ദേശം നല്‍കി.

Related posts:

Leave a Reply

Your email address will not be published.