തമിഴ്‌നാട്ടിലെ വീടുകളില്‍ നിന്ന് ശേഖരിക്കും, കേരളത്തിലേക്ക് അരിക്കടത്ത്

1 min read

പാറശ്ശാല: അതിര്‍ത്തി പ്രദേശത്ത് റേഷന്‍ അരിക്കടത്ത് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ നെടുവാന്‍വിളയില്‍ തമിഴ്‌നാട്ടില്‍നിന്ന് റേഷനരിയുമായി എത്തിയ വാഹനത്തെ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചശേഷം വാഹനവുമായി കടന്നതായി പാറശ്ശാല പോലീസില്‍ പരാതിനല്‍കി. നെടുവാന്‍വിള, ഇഞ്ചിവിള, കൊറ്റാമം പുതുക്കുളം മേഖലകളിലെ ഗോഡൗണുകളിലേക്ക് തമിഴ്‌നാട് റേഷനരിയുമായി എത്തുന്ന വാഹനങ്ങളാണ് തട്ടിക്കൊണ്ട് പോകുന്നത്.

തമിഴ്‌നാട്ടിലെ വീടുകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഇവര്‍ ശേഖരിക്കും. അരി രാത്രികാലത്ത് കടത്തും. ഒരു കിലോയ്ക്ക് അഞ്ചുരൂപ നല്‍കി ശേഖരിക്കുന്ന അരി അതിര്‍ത്തി കടത്തി ഗോഡൗണുകളിലെത്തിച്ചാല്‍ 22 രൂപ ലഭിക്കും ഇത്തരത്തിലെത്തുന്ന അരി നിറംചേര്‍ത്ത് ബ്രാന്‍ഡഡ് അരിയായി വിപണിയിലെത്തുമ്പോള്‍ കിലോക്ക് 40 രൂപയോളമാകും. ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് അരി കടത്തിക്കൊണ്ട് വരുന്ന സംഘത്തെ തടഞ്ഞുനിര്‍ത്തി വാഹനമടക്കം കൊള്ളയടിക്കുന്ന മറ്റൊരു സംഘവും അതിര്‍ത്തി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. രാത്രികാലത്ത് അതിര്‍ത്തികടന്ന് എത്തുന്ന വാഹനങ്ങളെ പിന്തുടര്‍ന്നെത്തി ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെയടക്കം ആക്രമിച്ച് അരിയും വാഹനവുമായി കടന്നുകളയുന്ന രീതിയാണ് ഈ സംഘം നടത്തിവരുന്നത്. ഇത്തരത്തില്‍ രണ്ട് സംഘങ്ങളും തമ്മിലുള്ള സംഘര്‍ഷം രാത്രികാലത്ത് അതിര്‍ത്തിപ്രദേശത്ത് പതിവാകുന്നുണ്ട്.

നെടുവാന്‍വിള, കൊടവിളാകം, നടുത്തോട്ടം, മുണ്ടപ്ലാവിള, വന്യക്കോട് മേഖലകളില്‍വെച്ചാണ് ഇത്തരത്തില്‍ അരിയുമായി എത്തുന്ന സംഘങ്ങളും തട്ടിപ്പറിക്കുന്ന സംഘങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായി നടക്കുന്നത്. തട്ടിയെടുത്ത വാഹനത്തിലെ അരി ഏതെങ്കിലും ഗോഡൗണുകളില്‍ വില്‍പ്പന നടത്തിയശേഷം വാഹനത്തെ റോഡരികില്‍ ഉപേക്ഷിക്കുകയാണ് പതിവ്. തമിഴ്‌നാട്ടില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന റേഷനരിയായതിനാല്‍ ആരും തന്നെ പോലീസില്‍ പരാതി നല്‍കാറില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പതിവായതോടെ വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് ചിലര്‍ പോലീസില്‍ പരാതി നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അതിര്‍ത്തി പ്രദേശത്തുണ്ടായ ഇത്തരത്തിലുള്ള നാല് സംഭവങ്ങളില്‍ പോലീസില്‍ പരാതിയുമായി എത്തിയിട്ടുള്ളത് ഒരു സംഘം മാത്രമാണ്. ഇത്തരത്തില്‍ അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന റേഷനരിയുടെ വലിയ ശേഖരം ഇക്കഴിഞ്ഞ ആഴ്ച സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.