പെന്‍ഷന്‍പ്രായം: മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെയാണെങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കുമോയെന്ന് സതീശന്‍

1 min read

കോഴിക്കോട്:മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യാത്തതില്‍ സി പി എമ്മി ല്‍ കടുത്ത അതൃപ്തി. പാര്‍ട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാര്‍ട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിന്‍വലിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തിയ സര്‍ക്കാരിന് ഒടുവില്‍ പിടിച്ചുനില്‍ക്കാനാകാതെ പിന്നോട്ട് പോകേണ്ടി വരുകയായിരുന്നു. പെന്‍ഷന്‍ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകള്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.മന്ത്രിസഭാ യോഗത്തില്‍ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്‌നം ഉന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാല്‍ നിയമപ്രശ്‌നങ്ങള്‍ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവില്‍ തുടര്‍ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തിയത്.

ഇതോടെ കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ഏകീകരണം ഒരു ടെസ്റ്റ് ഡോസായും സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. അടുത്ത ബജറ്റില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം ഒരു വര്‍ഷമെങ്കിലും കൂട്ടാന്‍ വരെ നീക്കമുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.