വിവാഹിതയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് പീഡനമാകില്ല

1 min read

കൊച്ചി: വിവാഹിതയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് പീഡനമാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയൂ എന്നാണ് ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ഉത്തരവിലുളളത്.

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല. പരാതിക്കാരി വിവാഹിതയാണെങ്കില്‍, നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. ഈ സാഹചര്യത്തില്‍ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് ആരോപിച്ചാല്‍, അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനാകില്ല. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.

സമൂഹമാധ്യമം വഴിയാണ് പരാതിക്കാരിയായ യുവതിയും യുവാവും പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലെത്തുകയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നുണ്ട്. വിവാഹിതയായ യുവതിയുടെ വിവാഹമോചനത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നതേ ഉള്ളൂ.

Related posts:

Leave a Reply

Your email address will not be published.