കത്ത് നശിപ്പിച്ചെന്ന് ഡി ആര്‍ അനില്‍; കുടുംബശ്രീക്ക് വേണ്ടിയെഴുതിയ കത്ത് നശിപ്പിച്ചു

1 min read

തിരുവനന്തപുരം : എസ് എ ടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും കോര്‍പ്പറേഷന്‍ കൌണ്‍സിലറുമായ ഡി ആര്‍ അനില്‍. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാല്‍ നശിപ്പിച്ചെന്നാണ് ഡി.ആര്‍ അനില്‍ വിജിലന്‍സിന് നല്‍കിയ മൊഴി. തന്റെ ഓഫീസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്.

പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ഡി ആര്‍ അനില്‍ ക്രൈംബ്രാഞ്ചിനോടും വിജിലന്‍സിനോടും വിശദീകരിച്ചത്. മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്നും അനിലിന്റെ മൊഴിയിലുണ്ട്. മേയറുടെ ലെറ്റര്‍ പാഡിലുള്ള കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം. എന്നാലിതെല്ലാം അനില്‍ നിഷേധിക്കുകയാണ്. മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് അനിലിന്റെ മൊഴി.

അതേ സമയം, കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റാവശ്യപ്പെട്ട് മേയറുടെ പേരില്‍ വന്ന കത്തിന്റെ ഒറിജിനല്‍ വിജിലന്‍സിനും ലഭിച്ചില്ല. മേയറുടെ കത്ത് തേടി വിജിലന്‍സുംഅന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മേയറുടെ കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് വിജിലന്‍സ് നിലപാട്. കത്ത് കണ്ടെത്താന്‍ കോര്‍പറേഷനിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യും.

Related posts:

Leave a Reply

Your email address will not be published.