നരബലി കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹര്‍ജി തള്ളി
1 min readകൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്. കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം.
പദ്മ കേസില്‍ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. നിലവില്‍ റോസലി കൊലക്കേസില്‍ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഒക്ടോബര്‍ 11 നാണ് നരബലി കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായത്.
നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ വീട്ടിലെ അടുക്കളയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിയിരുന്നു. ഇലന്തൂര്‍ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തില്‍ പ്രതികളിലൊരാളായ ഭഗവല്‍ സിംഗ് പണയം വെച്ച റോസ്!ലിന്റെ മോതിരവും കണ്ടെത്തിയിട്ടുണ്ട്. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവത് സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്. രാവിലെ പത്തരയ്ക്കാണ് ഷാഫിയേയും ഭഗവത് സിങ്ങിനേയും ലൈലയേയും സംഭവം നടന്ന വീട്ടിലെത്തിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പൊലീസ് പരിശോധന നടത്തിയിരുന്നു.