കോവളത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരി അടുക്കളയിലെ കര്‍ട്ടണ്‍ സ്പ്രിംഗില്‍ തൂങ്ങി മരിച്ചു
1 min readതിരുവനന്തപുരം: കോവളത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് യാംഗ്‌ടോക്ക് സ്വദേശിനി വേദന്‍ഷി കുമാരി(24) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നത്. രാത്രി വരെ ഫോണ്‍ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്. അടുക്കളയിലെ കര്‍ട്ടണ്‍ സ്പ്രിംഗില്‍ ആണ് വേദന്‍ഷി തൂങ്ങി മരിച്ചത്.
അതിനാല്‍ മൃതദേഹം തറയില്‍ തട്ടി ഇരിക്കുന്ന നിലയില്‍ ആയിരുന്നു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പൊലീസ് അറിയിച്ചു.
അതേസമയം, കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയായ വിവാഹിതയ്‌ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്പൂര്‍ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാതായെന്ന് കാണിച്ച് തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേഷനില്‍ യുവാവും യുവതിയും തമ്മില്‍ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. താന്‍ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് സമീപത്തെ കടയില്‍പ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തുകയായിരുന്നു.