പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടഫിക്കറ്റ്
1 min readഹിമാചല്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. സംഭവം വിവാദമായതിന് പിന്നാലെ അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള നോട്ടീസ് കടുത്ത വിമര്‍ശനം നേരിട്ടതോടെയാണ് അധികൃതര്‍ പിന്‍വലിച്ചത്. സെപ്റ്റംബര്‍ 29ന് അയച്ച കത്തില്‍ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന എല്ലാ ലേഖകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും ലിസ്റ്റ് തയ്യാറാക്കാനും അവരുടെ സ്വഭാവം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലെയും ആകാശവാണിയിലെയും പത്രപ്രവര്‍ത്തകര്‍ പോലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായി. ഒക്ടോബര്‍ ഒന്നിനകം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രവേശനം തീരുമാനിക്കുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നോട്ടീസിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഓഫീസ് അശ്രദ്ധമായി കത്ത് നല്‍കിയതില്‍ ഖേദമുണ്ടെന്നും കത്ത് പിന്‍വലിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതര്‍ പുതിയതായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.
പിആര്‍ഡി ശുപാര്‍ശ ചെയ്യുന്ന എല്ലാവര്ക്കും പാസുകള്‍ നല്‍കും. വിവാദത്തില്‍ ഹിമാചല്‍ പ്രദേശ് പോലീസ് മേധാവിയും പ്രകടിപ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ പ്രധാനമന്ത്രി മോദിയുടെ റാലി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും എഎപിയും ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് നിഗമനം.