‘അങ്ങനെയല്ല പറഞ്ഞത്’; മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

1 min read

കൊച്ചി: മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃപ്തി പിന്‍വലിക്കല്‍ എന്നാല്‍ മന്ത്രിയെ പിന്‍വലിക്കല്‍ അല്ലെന്ന് കൊച്ചിയില്‍പൊതു പരിപാടിയില്‍ ഗവര്‍ണര്‍ പറഞ്ഞു. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിനെതിരെ വീണ്ടും അതിരൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ ഇന്നും വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാന്റെ ഭാഷയില്‍ ഭരണഘടനക്കെതിരെ സംസാരിക്കുന്നവര്‍ വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ ശമ്പളത്തില്‍ വെക്കുന്നത്. തന്റെ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ നിയമ മന്ത്രി ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്ന് സുപ്രീം കോടതി വിധിയോടെ വ്യക്തമായെന്നും ഗവര്‍ണര്‍ ഇന്ന് പറഞ്ഞിരുന്നു. കൊച്ചിയില്‍ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കെ ടി യു, വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ഉദ്ധരിച്ച് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. രാഷ്ട്രീയത്തില്‍ അധികാരത്തിനും മറ്റു പലതിനുമാണ് മുന്‍ഗണനയെന്നും എന്തുകൊണ്ടാണ് കേരളത്തിലെ യുവാക്കള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ എംഎസ് രാജശ്രീയെ നിയമിച്ചത് ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഒരാളെ മാത്രം നിര്‍ദ്ദേശിച്ചത് യുജിസി ചട്ടത്തിന്റെ ലംഘനമെന്നും കോടതി പറഞ്ഞിരുന്നു. കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയതിന് പകരം അംഗങ്ങളെ നിയമിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ സമരത്തിനാണ് എല്‍ഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.