രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് ഗവര്‍ണര്‍

1 min read

രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനധികൃതമായി ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡില്‍ ഓടിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ കാര്‍ പോലും മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ നിവേദനം കണ്ടിട്ടില്ല. നാട്ടില്‍ ചെന്ന ശേഷം പരിശോധിക്കാമെന്നും ഗവര്‍ണ്ണര്‍.

ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ദേശീയതലത്തില്‍ അടക്കം വിഷയം ശക്തമായി ഉയര്‍ത്തും. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഹ!ര്‍ജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവര്‍ണറുടെ വെളിപ്പെടിത്തല്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയില്‍ ഇപ്പോള്‍ വാദം നടക്കുന്നത്. സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാകും. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും രാജ്ഭവന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.