അവകാശങ്ങള്‍ക്കായി മരിക്കാനും തയാറാണെന്ന് സെക്രട്ടേറിയറ്റ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍
1 min read
തിരുവനന്തപുരം: അവകാശങ്ങള്‍ക്കായി മരിക്കാനും തയാറാണെന്ന് സെക്രട്ടേറിയറ്റ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍. കടലാക്രമണത്തില്‍ നഷ്ടമായ വീടുകള്‍ക്കു പകരം വീടു ലഭിക്കണം. വിഴിഞ്ഞം തുറമുഖത്തിനായുള്ള കല്ലിടല്‍ നിര്‍ത്തിവയ്ക്കണം. ഇതു സൂചനാ സമരം മാത്രമാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കും. വീടു നഷ്ടപ്പെട്ട് നാലു വര്‍ഷമായി തെരുവിലാണ് ജീവിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഓരോ വര്‍ഷവും സര്‍ക്കാര്‍ വാഗ്ദാനം നല്‍കും. 4 വര്‍ഷമായി ഒരു കാര്യവും സര്‍ക്കാര്‍ നല്‍കിയില്ല. പ്രളയ ദുരന്തം വന്നപ്പോള്‍ ആളുകളെ രക്ഷിക്കാന്‍ പോയത് മത്സ്യത്തൊഴിലാളികളാണ്. ആ മത്സ്യത്തൊഴിലാളികളെ ആരു രക്ഷിക്കുമെന്നു പ്രതിഷേധക്കാര്‍ ചോദിച്ചു. കടലാക്രമണത്തില്‍ വീടു നഷ്ടമായതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഫുഡ് കോര്‍പറേഷന്റെ ഗോഡൗണിലുള്ള ക്യാംപുകളില്‍ കഴിയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
നോക്കാനോ സഹായിക്കാനോ ആരുമില്ല, ആകെ ലഭിക്കുന്ന 1,500 രൂപയുടെ പെന്ഷന് കൊണ്ട് മാത്രമാണ് ജീവിതം. പട്ടിണിയും ദാഹവും അടക്കിയാണ് ജീവിക്കുന്നത്. വീട് അടക്കമുള്ള സഹായങ്ങള്‍ വാഗ്ദാനമായി മാത്രം അവശേഷിക്കുന്നതെന്നും സര്‍ക്കാര്‍ ഞങ്ങളുടെ ദുരന്തം കാണുന്നില്ലെന്നും പൂന്തുറ സ്വദേശിയായ ജാനറ്റ് മേരി പറയുന്നു.
കടലാക്രമണത്തില്‍ നഷ്ടമായ വീടിനു വേണ്ടിയാണു സെക്രട്ടേറിയറ്റ് സമരത്തിനെത്തിയതെന്നു സമരത്തില്‍ പങ്കെടുക്കുന്ന വലിയതുറ സ്വദേശിയായ വീട്ടമ്മ പറയുന്നു. ഇതല്ലാതെ മുന്പില് മറ്റുവഴികള്‍ ഇല്ല. വര്‍ഷങ്ങളായി വീട് നഷ്ടപ്പെട്ടിട്ട്. പെണ്കുഞ്ഞുങ്ങളും പ്രായമായ മാതാപിതാക്കളും ഞങ്ങള്‍ക്കൊപ്പമുണ്ട്. വര്‍ഷങ്ങളോളം ക്യാംപുകളില്‍ കഴിയുക വിഷമകരമാണ്. ഫ്ലാറ്റ് കെട്ടിത്തരണമെന്നോ സുഖസൗകര്യങ്ങള്‍ വേണമെന്നോ ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. മൂന്നു സെന്റ് സ്ഥലവും തലചായ്ക്കാന്‍ ഒരു കൂരയും മാത്രമാണ് വേണ്ടത്. സ്ഥലം കണ്ടെത്തി ഒരു വീട് നിര്‍മിച്ചു തരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വീട്ടമ്മ പറയുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി.
പിന്നീട് പൊലീസ് നിലപാട് മയപ്പെടുത്തിയതോടെ ഇവര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. തിരുവല്ലം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജംക്ഷന്, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.