പണമിടപാട് തര്‍ക്കം; കിളിമാനൂരില്‍ ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോളൊഴിച്ച് കത്തിച്ചു, ഭര്‍ത്താവ് മരിച്ചു

1 min read

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍, ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60), ഭാര്യ വിമലകുമാരി (55) എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. നില വഷളായതോടെ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവരെ ആക്രമിച്ച ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പെട്രോളുമായി വീട്ടിലെത്തിയ ശശിധരന്‍ നായര്‍, പ്രഭാകര കുറുപ്പിന്റെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹോളോ ബ്രിക്‌സ് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്. സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ശശിധരന്‍ നായ!!ര്‍.

ശശിധരന്‍ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പ്രഭാകര കുറുപ്പാണ് 29 വര്‍ഷം മുമ്പ് ശശിധരന്‍ നായരുടെ മകനെ ബഹ്‌റൈനില്‍ കൊണ്ടുപോയത്. എന്നാല്‍ മകന്‍ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഇതിനെതിരെ ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ ഇന്നലെ പ്രഭാകര കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരന്‍ നായര്‍ പ്രഭാകര കുറുപ്പിന്റെ വീട്ടില്‍ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. അതിനു മുമ്പ് കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാള്‍ രണ്ടുപേരെയും ആക്രമിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ചോര പുരണ്ട നിലയില്‍ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Related posts:

Leave a Reply

Your email address will not be published.