ത്രില്ലറായ ജന ഗണ മന

1 min read

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒത്തിരി സിനിമകള്‍ ഉണ്ടാകാം എന്നാല്‍ അവയില്‍ നിന്ന് തികച്ചും വ്യത്യസ്തവും ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ ചിത്രമാണ് ജന ഗണ മന. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ അത്രേം ഗൗരവത്തോടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അഭിനേതാക്കള്‍ക്കും സംവിധായകനും ഒരേപോലെ സാധിച്ചു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത സിനിമ. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന ജാതി വിരുദ്ധതയും അധികാരത്തിന് വേണ്ടി പോകുന്ന നേതാക്കന്മാരെയും വ്യാജ ഏറ്റുമുട്ടലില്‍ ഉണ്ടാകുന്ന കൊലപാതകവും മികച്ച അവതരണത്തിലൂടെ ചിത്രം വെളിച്ചത്തുകൊണ്ടുവരുന്നു.

കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കി തിരക്കഥ രൂപപ്പെടുത്തിയ ചിത്രമാണിത്. ശക്തമായ അടിത്തറയില്‍ ഉരുത്തിരിഞ്ഞ പ്ലോട്ടുകളെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ സ്‌ക്രീനിലെത്തിക്കുന്നതില്‍ ഡിജോ ജോസ് വിജയിച്ചു.

ബെംഗളൂരിലെ ഒരു കോളജ് അധ്യാപിക ക്രൂരമായി കൊല്ലപ്പെടുന്നു, തുടര്‍ന്ന് കലാലയത്തില്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളിലൂടെ സിനിമ തുടങ്ങുന്നു. ബലാല്‍സംഗത്തിന് ഇരയാവുകയും തീകൊളുത്തി കൊല്ലപ്പെടുകയും ചെയ്ത തങ്ങളുടെ അധ്യാപികയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നോട്ടു വരുന്നു. കുറ്റവാളികള്‍ക്ക്് തക്കതായ ശിക്ഷ ഉറപ്പാക്കാനാണ് അവരുടെ സമരം. കേസ് അന്വേഷണത്തിനായി സജ്ജന്‍ കുമാര്‍ എന്ന മലയാളിയായ പൊലീസ് ഉദ്യോഗസ്ഥന്‍ നിയോഗിക്കപ്പെടുന്നു. സജ്ജന്റെ, കേസ് അന്വേഷണത്തിലൂടെയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോവുന്നത്. സിനിമ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലൂടെ സഞ്ചരിച്ച് രണ്ടാം പാതിയില്‍ പൂര്‍ണമായും ഒരു എന്‍ഗേജിംഗ് കോര്‍ട്ട് റൂം ത്രില്ലറായി മാറുന്നു. സംഭാഷണ പ്രധാനമായ കോര്‍ട്ട് റൂം രംഗങ്ങളെ എന്‍ഗേജിംഗ് ആക്കുന്നത് കഥാപാത്രങ്ങളുടെ പ്രകടനവും ജെയ്ക്ക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവുമാണ്. രംഗങ്ങളുടെ തീവ്രതയും വൈകാരികതയും അതേ കരുത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ജെയ്ക്ക്‌സ് ബിജോയ്ക്ക് സാധിക്കുന്നുണ്ട്.

എസിപി സജ്ജന്‍ കുമാര്‍ എന്ന കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്. സുരാജിന്റെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. രണ്ടാം പാതിയില്‍ സുരാജിനെ മറികടന്ന് പ്രേക്ഷകരെ നയിക്കാന്‍ പൃഥ്വിരാജിന് നിശ്പ്രയാസം സാധിച്ചു. ഡയലോഗ് ഡെലിവറിയിലും പ്രകടനത്തിലും പൃഥ്വിരാജിന്റെ പകര്‍ന്നാട്ടം കണ്ട് പ്രേക്ഷകര്‍ അറിയാതെ കൈയടിച്ചു പോകും. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു നടി ധന്യ അനന്യ അവതരിപ്പിച്ച വിദ്യ. ചുരങ്ങിയ രംഗങ്ങളില്‍ മാത്രമേ ചിത്രത്തില്‍ ഉള്ളുവെങ്കിലും അതിഗംഭീരമായ അഭിനയത്തിലൂടെ തിയേറ്റര്‍ വിട്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ കയറികൂടി. വിന്‍സി അലോഷ്യസ്, ശാരി, മംമ്ത മോഹന്‍ദാസ്, ഷമ്മി തിലകന്‍ തുടങ്ങി സ്‌ക്രീനില്‍ വന്ന് പോയ ഓരോ അഭിനേതാക്കളും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.