പക്ഷിപ്പനി; വഴുതാനത്ത് ഇന്ന് 20,471 താറാവുകളെ കൊല്ലും

1 min read

പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇന്നലെ മാത്രം 15,695 താറാവുകളെ കൊന്നു. വഴുതാനും പാടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ രാത്രിവരെ കള്ളിങ്ങ് നടന്നു. അഞ്ച് ദ്രുത പ്രതികരണ സംഘമാണ് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ന് (ഒക്ടോബര്‍ 28) മുതല്‍ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും എല്ലാ പക്ഷികളെയും കൊന്നുടുക്കുന്ന നടപടികള്‍ ആരംഭിക്കും.

20,471 താറാവുകളെയാണ് ഇന്ന് കൊന്നൊടുക്കുന്നത്. എട്ട് ആര്‍.ആര്‍.റ്റികളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്. ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്.

താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ വച്ച് കത്തിച്ച് കളയുകയാണ് (കള്ളിങ്ങ്) ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. കള്ളിങ്ങ് നടക്കുന്ന പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി. റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി.

കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അടുത്ത ഒരാഴ്ച പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിരീക്ഷണം ഉണ്ടാകും. അതിനിടെ ചെറുതലയിലും താറാവുകള്‍ ചാകുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പക്ഷി പനിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ കേരളത്തില്‍ വ്യാപകമായി പക്ഷിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചു.

Related posts:

Leave a Reply

Your email address will not be published.