വിവാദങ്ങള്‍ക്ക് കളയാന്‍ സമയമില്ല, ലക്ഷ്മണ രേഖ ലംഘിച്ചിരുന്നില്ലെങ്കില്‍ വീട്ടിലിരുന്നേനെയെന്നും മന്ത്രി ആര് ബിന്ദു
1 min readതിരുവനന്തപുരം: വിവാദം സമയം നഷ്ടപ്പെടുത്തുന്നുവെന്ന് മന്ത്രി ആര് ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലാനുസാരിയായി പരിഷ്കരിക്കാനും മികവുറ്റതാക്കാനുമുള്ള സന്ദര്‍ഭമാണിത്. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. എല്ലാവരും ഇതിനൊപ്പമുണ്ടാകണം. വിസിമാരുടെ രാജിക്കാര്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ട്. തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ തത്കാലം ഇവിടെ സമയമില്ലെന്ന് അവര്‍ പറഞ്ഞു.
ഗവര്‍ണറുടെ ആക്ഷേപത്തിനും ശക്തമായ മറുപടിയാണ് മന്ത്രി നല്‍കിയത്. ലക്ഷ്മണ രേഖകള്‍ ലംഘിച്ചില്ലായിരുന്നില്ലെങ്കില്‍ താനിപ്പോഴും വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നേനെ. അവ ലംഘിച്ചത് കൊണ്ടാണ് താനിന്ന് ഇവിടെ നില്‍ക്കുന്നത്. 35 കൊല്ലമായി പൊതുപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിരവധി പേര് ആക്ഷേപിച്ചിട്ടുണ്ട്. അതൊന്നും ഒരു പ്രശ്നമേയല്ല. ഗവര്‍ണറെ പോലെ മുതിര്‍ന്നൊരാള്‍ പറയുമ്പോള്‍ അതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യം എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ നേരത്തെയുള്ള നിലപാടില്‍ അയവ് വരുത്തി എന്നാണ് മനസ്സിലാക്കുന്നത്. എന്ത് വിഷയങ്ങളിലും എന്നാണ് കോണ്‍ഗ്രസിന് ഏകാഭിപ്രായം ഉണ്ടായിട്ടുള്ളതെന്ന് ചോദിച്ച മന്ത്രി, അത് തന്നെയാണ് അവരുടെ പ്രശ്നവുമെന്നും കുറ്റപ്പെടുത്തി.