സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യ കത്ത് ചോർന്നു; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

1 min read

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ല പോലീസ് മേധാവിക്ക് കോഫെ പോസ കരുതൽ തടങ്കൽ സംബന്ധിച്ച് അയച്ച രഹസ്യ കത്ത് ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്വർണ്ണ കള്ളക്കടത്തു നടത്തിയ മലപ്പുറം കാവനൂർ സ്വദേശി ഫസലുറഹ്മാനും മറ്റു ചിലർക്കും എതിരെ കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ കോഫെ പോസ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിവരം ലഭിച്ച ഫസലുറഹ്മാൻ ഒളിവിൽ പോവുകയും തുടർന്ന് തടങ്കൽ ഉത്തരവ് നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതിനിടെ തടങ്കൽ ഉത്തരവ് ചോദ്യം ചെയ്ത് ഫസലുറഹ്മാൻ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവി രഹസ്യം എന്ന മേൽ കുറിപ്പോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിച്ച് കത്തിന്റെ പകർപ്പും ഹർജിക്കൊപ്പം ഹാജരാക്കിയിരുന്നു. ” സീക്രട്ട് ” എന്ന് പ്രത്യേകം എഴുതിയ കത്ത് കേസിൽ തടങ്കൽ ഉത്തരവ് നേരിടുന്ന ആൾ കോടതിയിൽ ഹാജരാക്കിയിരിക്കുന്നു എന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് കേരള പോലീസിൽ നിന്നും കോടതി വിശദീകരണം തേടി.

മലപ്പുറം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറ്റൊരാളുടെ തടങ്കൽ ഉത്തരവ് നടപ്പാക്കുന്ന സമയത്ത് ഉത്തരവിനൊപ്പം സ്ഥലം സബ് ഇൻസ്പെക്ടർ അബദ്ധത്തിൽ രഹസ്യ രേഖയുടെ പകർപ്പും നൽകുകയായിരുന്നു എന്നും അയാളിൽ നിന്നാണ് കേസിലെ ഹർജിക്കാരന് രഹസ്യരേഖയുടെ പകർപ്പ് ലഭിച്ചത് എന്നും ആണ് വിശദീകരിച്ചത്.

എന്നാൽ കരുതൽ തടങ്കൽ നടപടിയുടെ ഭാഗമായ രഹസ്യരേഖ ചോർന്ന് കരുതൽ തടങ്കൽ നേരിടുന്ന വ്യക്തിക്ക് ലഭിച്ചത് ഗുരുതരമായ വീഴ്ച്ചയാണ് എന്ന് ഡി.ആർ.ഐക്കു വേണ്ടി ഹാജരായ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ ആ രോപിച്ചു. തുടർന്ന് ഹർജിക്കാരൻ കേസ് പിൻവലിക്കാൻ അനുമതി തേടി. ഹർജി പിൻവലിക്കാൻ അനുമതി നൽകിയെങ്കിലും, സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യക്കത്ത് ചോർന്നതിനെ കുറിച്ച് മതിയായ അന്വേഷണം ആവശ്യമാണെന്നഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിക്കുന്നതു പ്രകാരം സൂപ്രണ്ട് തസ്തികയിൽ കുറയാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി രഹസ്യ രേഖ ചോരാനിടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്ന് കോടതി നിർദ്ദേശം നൽകി. നവംബർ 28ന് മുൻപായി സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് ലഭിക്കണം എന്നും നിർദ്ദേശമുണ്ട്.

Related posts:

Leave a Reply

Your email address will not be published.