പീഡിപ്പിക്കപ്പെട്ടത് പ്രവാസി കുട്ടികള്‍; 50ലേറെ കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലെ കൂടുതല്‍ വിവരങ്ങള്‍

1 min read

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികള്‍ക്കെതിരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖൈത്താന്‍, ഫര്‍വാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായ പ്രതി ഈജിപ്ത് സ്വദേശിയാണ്.

ഏകദേശം ഒമ്പത് വര്‍ഷം മുമ്പാണ് ഇയാള്‍ കുവൈത്തിലേക്ക് വന്നത്. ജഹ്‌റയിലെ ഒരു മിഡില്‍ സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു. ചിലപ്പോള്‍ വൈകുന്നേരം ആറ് മണിക്ക് ഖൈത്താന്‍ പ്രദേശത്തേക്കും മറ്റ് ചിലപ്പോള്‍ ഫര്‍വാനിയയിലേക്കും പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കേണ്ട കുട്ടികളെ കണ്ടെത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് ‘അല്‍ഖാബാസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മാതാപിതാക്കള്‍ സമാനമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റ് അഞ്ച് കേസുകള്‍ കൂടെ ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്തു. ഇതോടെ അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായ ആറ് കുട്ടികളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അധ്യാപകന്റെ ലൈംഗിക അതിക്രമത്തിന് ഇരയായത് പ്രവാസികളായ കുട്ടികളാണ്. ഈജിപ്തില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍, ലെബനന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കുട്ടികള്‍ എന്നിങ്ങനെയാണ് അതിക്രമത്തിന് ഇരയാക്കപ്പെട്ടത്.

ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹമദ് അല്‍ ദവാസില്‍ നിന്ന് നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്. പാകിസ്ഥാന്‍ പൗരനായ ഒരു പ്രവാസിയാണ് തന്റെ എട്ട് വയസുള്ള മകനെ ഒരു പലചരക്ക് കടയിലേക്ക് പോകുമ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിപ്പിച്ചെന്ന് അധികൃതരെ അറിയിച്ചത്.

ഫര്‍വാനിയ ഗവര്‍ണറേറ്റിലെ റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ട് കിട്ടിയത്. കുട്ടി പീഡനത്തിനിരയായ സ്ഥലത്ത് ഡിറ്റക്ടീവുകള്‍ എത്തി കടകളിലെയും സമീപത്തെയും കെട്ടിടങ്ങളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു. എന്നാല്‍ പ്രതി മറ്റൊരു കുട്ടിയെയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് അധികൃതര്‍ക്ക് ലഭിച്ചു.

പ്രതി ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്താന്‍ സാധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനിടെ ഒരു അറബ് കുട്ടിയെയും ഇയാള്‍ ഉപദ്രവിക്കുന്ന മൂന്നാമത്തെ വീഡിയോയും ലഭിച്ചു. വാഹനം പരിശോധിച്ചതില്‍ നിന്നാണ് അധ്യാപകനാണ് പ്രതിയെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. അന്‍പതിലധികം കുട്ടികളെ പീ!ഡനത്തിനിരയാക്കിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.