ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹയൊഴിയുന്നില്ല, പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം
1 min readതിരുവനന്തപുരം : പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. മരിച്ച യുവാവിന് ജ്യൂസും കഷായവും നല്‍കിയ വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം റൂറല്‍ എസ് പി ഡി രൂപം നല്‍കിയത്.
തിരുവനന്തപുരത്ത് പാറശാലയില്‍ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്.
കേസന്വേഷണം തുടരുന്നതിനിടെ, പുറത്ത് വരുന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പെണ്‍കുട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചു.
കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശത്തില്‍ കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്.
മുന്‍പ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായും കണ്ടെത്തി. കടയില്‍ നിന്ന് വാങ്ങിയ ബോട്ടില്‍ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെണ്‍കുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോണ്‍ രാജിന് ഛര്‍ദ്ദില്‍ ഉണ്ടായതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.