ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍
1 min read
തിരുവനന്തപുരം: ഗവര്‍ണറുടെ നിലപാടിനെതിരെ ലീഗും ആര്‍എസ്പിയും രംഗത്തുവന്നതോടെ യുഡിഎഫില്‍ പ്രതിസന്ധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘപരിവാര്‍ വിരുദ്ധ അജണ്ട ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നത് നല്ല സൂചനയാണെന്നും സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വര്‍ത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണറുടെ പ്രശ്‌നത്തിലും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്ന് എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.
എല്‍ഡിഎഫും സര്‍ക്കാരും സ്വീകരിക്കുന്ന നയങ്ങള്‍ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാര്‍ അജന്‍ഡകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നയങ്ങളേക്കാള്‍ ഇടതുപക്ഷത്തിന്റെ നയങ്ങള്‍ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില്‍ കുറിക്കുന്നു.
ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്റെ പരാമര്‍ശങ്ങളില്‍ സിപിഐ സംസ്ഥാന നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലുള്ള ലീഗിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി നടക്കുന്നത് അപക്വമായ ചര്‍ച്ചകളെന്നാണ് സി പി ഐ നിലപാട്. നിലവില്‍ എല്‍ഡിഎഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല, പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്തുമാണ്, ലീഗ് പി എഫ് ഐ പോലെ വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലെ പാര്‍ട്ടിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആവശ്യവുമില്ലാത്ത നടപടിയെന്നാണ് സിപിഐ കുറ്റപ്പെടുത്തല്‍.