ഇപിക്കെതിരായ സ്വത്ത് ആരോപണം ഇന്ന് പിബി ചര്‍ച്ച ചെയ്‌തേക്കും
1 min readതിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയില്‍ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇന്ന് ഉയര്‍ന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. വിഷയം ഉന്നയിക്കപ്പെട്ടാല്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്നും വിശദാംശങ്ങള്‍ തേടും. അന്വേഷണം കേരളത്തില്‍ തന്നെ നടക്കട്ടെയെന്ന നിലപാടാണ് കൂടുതല്‍ നേതാക്കള്‍ക്കുമുള്ളത്. പിബിയില്‍ വിശദമായ ചര്‍ച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കള്‍.
ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ കേന്ദ്ര തലത്തിലെ ചര്‍ച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ആരോപണം മാധ്യമ സൃഷ്ടിയെന്നും പിബിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ വിഷയങ്ങളിലും ചര്‍ച്ചയുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദന്റെ ഈ വിശദീകരണം.
വിവാദത്തെക്കുറിച്ച് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ വിവരം തേടിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ മടിക്കില്ല എന്ന സൂചനയാണ് ഇന്നലെ സീതാറാം യെച്ചൂരി നല്‍കിയത്. അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്ന നിലപാടാണ് കേന്ദ്ര നേതാക്കള്‍ക്കുള്ളത്. പൊളിറ്റ് ബ്യൂറോയുടെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിഷയം വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ ഇക്കാര്യം അവഗണിച്ചു പോകേണ്ടതില്ല എന്നാണ് നേതൃത്വം കരുതുന്നത്.
അന്വേഷണമുണ്ടായാല്‍ അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര നേതാക്കളും ചര്‍ച്ച ചെയ്യും പിബിക്ക് മുന്നോടിയായി എകെജി ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു. അതിന് ശേഷമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം വന്നത്. വിഷയത്തില്‍ പരസ്യവിവാദം തണുപ്പിക്കാനുള്ള നീക്കമാണ് തല്ക്കാലം സംസ്ഥാന നേതാക്കളില്‍ കാണുന്നത്. ഇതിനോട് യെച്ചൂരി ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കള്‍ കൈക്കൊള്ളുന്ന നിലപാട് ഈ സാഹചര്യത്തില്‍ പ്രധാനമാകും.