ഇല്ലാത്ത പ്രിന്റിങ് പ്രസിന്റെ ബില്ലുകള്‍ നല്കി സിപിഐ കൗണ്‍സിലറുടെ തട്ടിപ്പ
1 min readകൊല്ലം: പരവൂര്‍ നഗരസഭയില്‍ വ്യാജ ബില്ലുകള്‍ നല്കി കൗണ്‍സിലര്‍ ലക്ഷങ്ങള്‍ തട്ടി. സിപിഐ കൗണ്‍സിലര്‍ നിഷാകുമാരിയാണ് ഇല്ലാത്ത പ്രിന്റിങ് പ്രസിന്റെ പേരില്‍ പണം തട്ടിയത്. വര്‍ഷങ്ങളായി നഗരസഭയിലെ പ്രിന്റിങ് കൊട്ടേഷന്‍ നിഷാകുമാരിയാണ് എടുത്തിരുന്നത്. അമ്പാടി പ്രിന്റേര്‍സ് എന്ന പേരിലാണ് ബില്ലുകള്‍ നല്‍കിയിരുന്നത്. ഇങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ആവശ്യമായ ലെറ്റര്‍ പാഡുകള്‍ തയ്യാറാക്കാനായി നഗരസഭ കരാര്‍ നല്‍കിയത് അമ്പാടി പ്രിന്റേര്‍സിനായിരുന്നു. 26500 രൂപയായിരുന്നു അന്ന് അനുവദിച്ചത്. പരവൂരിനടുത്ത് കൂനയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ബില്ലില്‍ അമ്പാടി പ്രിന്റേര്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂനയില്‍ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനമില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രിന്റിങ് സ്ഥാപനം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നഗരസഭയില്‍ കൊടുത്ത ബില്ലിലുള്ള നമ്പറില്‍ വിളിച്ചു നോക്കി. നിഷാകുമാരിയെന്ന കൗണ്‍സിലറാണ് നഗരസഭയില്‍ ഈ ബില്ലുകള്‍ നല്‍കിയതെന്ന് മനസിലായതോടെ അവരെ വിളിക്കാന്‍ ഔദ്യോഗിക രേഖകളിലുള്ള നമ്പറെടുത്തും. ഈ സമയത്താണ് വ്യാജ ബില്ലില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ കൗണ്‍സിലറുടെ തന്നെയെന്ന് ബോധ്യപ്പെട്ടത്.
ലക്ഷക്കണക്കിന് രൂപയാണ് നിഷാകുമാരി ഇത്തരത്തില്‍ തട്ടിയെടുത്തതെന്നാണ് സംശയം ഉയരുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പുകള്‍ നടന്നതെന്നാണ് ആരോപണം. നഗരസഭ കൗണ്‍സിലര്‍മാര്‍ ഓണറേറിയവും സിറ്റിങ് ഫീസും മാത്രമേ കൈപ്പാറ്റാവൂ എന്നാണ് നിലവിലെ നിയമം. ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ചുള്ള തട്ടിപ്പ്. പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന് പരവൂര്‍ നഗരസഭാ ചെയര്മാന് സുധീര്‍ ചെല്ലപ്പന് ആവശ്യപ്പെട്ടു.