സഭ ടിവിയുടെ കരാറില്‍ നിന്ന് വിവാദ കമ്പനി ബിട്രെയിറ്റിനെ ഒഴിവാക്കി,സാങ്കേതിക നടപടികള്‍ നിയമസഭാ ഐടി വിഭാഗത്തിന്
1 min readതിരുവനന്തപുരം :വിവാദങ്ങള്‍ക്കൊടുവില്‍ സഭ ടിവി പുനസംഘടനക്ക് ഒരുങ്ങി സര്‍ക്കാര്‍. സ്വകാര്യ കമ്പനിയെ പൂര്‍ണ്ണമായും ഒഴിവാക്കി ഒടിടി അടക്കമുള്ള സാങ്കേതിക നടപടികള്‍ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കും. സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ് അടക്കം ആറ് തസ്തികകളിലേക്ക് നിയമനത്തിന് സഭാ ടിവി അപേക്ഷ ക്ഷണിച്ചു.നിയമസഭാ നടപടികള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സഭാ ടിവി തുടങ്ങിയതെങ്കിലും വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു പ്രവര്‍ത്തനം.
ഡോക്യുമെന്ററികളും വെബ് വീഡിയോ പ്രൊഡക്ഷനും അടക്കം പരിപാടികളുടെ ഗുണനിലവാരം മുതല്‍ ചെലവഴിച്ച തുക വരെ വിമര്‍ശന വിധേയമായി. ഓടിടി പ്ലാറ്റ് ഫോമും ,സോഷ്യല്‍ മീഡിയ മാനേജ്‌മെന്റും ബിട്രെയിറ്റ് എന്ന കരാര്‍ കമ്പനിക്കായിരുന്നു. കമ്പനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികള്‍ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയമസഭ ഐടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളില്‍ ഒന്നിനു പോലും ഒപ്പമെത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല എഡിറ്റോറില്‍ ടീമുമായി ഗുരുതരമായ അഭിപ്രായ ഭിന്നയും ഉണ്ടായി. ഇതിനിടെ മോണ്‍സണ്‍ കേസില്‍ ഉള്‍പ്പെട്ട വിവാദ വനിത അനിത പുല്ലയില്‍ ലോകകേരളസഭ നടക്കുന്ന സമയം സഭാ സമുച്ചയത്തില്‍ കൊണ്ടുവന്നോടെ ബ്രിട്രെയിറ്റിന്റെ ഇടപെടല്‍ വലിയ ചര്‍ച്ചയായി. വന്‍ വിവാദം ഉണ്ടായിട്ടും പുതുക്കി നല്‍കിക്കൊണ്ടിരുന്ന കരാറാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്.
കരാര്‍ പ്രകാരം ബിട്രെയിറ്റ് തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ സഭാ ടിവിക്ക് കൈമാറും. പ്രോഗ്രാം കോഡിനേറ്റര്‍ , ക്യാമറാമാന്‍ ക്യാമറ അസിസ്റ്റന്റ് വീഡിയോ എഡിറ്റര്‍ ഗ്രാഫിക് ഡിസൈനര്‍ സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാ!റടിസ്ഥാനത്തിലാകും നിയമനം. സാങ്കേതിക സഹായം നിയമസഭയുടെ ഐടി വിഭാഗം നേരിട്ട് ഏറ്റെടുക്കും. ടെലിവിഷന്‍ പ്രൊഡക്ഷന്‍ വേണോ അതോ ഓണ്‍ലൈറ്റ് പ്ലാറ്റ്‌ഫോമില്‍ മതിയോ എന്നകാര്യത്തില്‍ ഇനിയും നയപരമായ തീരുമാനം വരണം.