സുധാകരനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി
1 min readകെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമര്‍ശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.
ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ ചില പ്രസ്താവനകളില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തില്‍ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.
കെഎസ്‌യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫിനുള്ളില്‍ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായത്. ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കി വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ നെഹ്‌റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടി, ഹൈക്കോടതി വിധിയില്‍ സുധാകരന്‍
”ആര്‍.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു മനസു കാണിച്ചു. വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായി കൊണ്ടാണ് നെഹ്‌റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു” കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം.
വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ സുധാകരനെതിരെ രംഗത്തുവന്നു. നെഹ്‌റുവിനെ ചാരി കെ സുധാകരന്‍ തന്റെ വര്‍ഗ്ഗീയ മനസ്സിനെയും ആര്‍ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. കെ പി സി സി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.