നഗരസഭയില്‍ വന്‍ സംഘര്‍ഷം, യുദ്ധക്കളമായി തലസ്ഥാനം

1 min read

തിരുവനന്തപുരം : കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്‍. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തര്‍ എംപി അടക്കമുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ് നിര്‍ദാക്ഷിണ്യം പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആരോപിച്ചു.

കത്ത് വിവാദത്തില്‍ നാലാം ദിവസമാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ ചിലര്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.

ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തിലാണ് മഹിളാ കോണ്‍ഗ്രസ് സ്ഥലത്ത് പ്രതിഷേധിച്ചത്.’കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ‘ എന്നെഴുതിയ പോസ്റ്റര്‍ പതിച്ച പെട്ടിയുമായാണ് ജെബിയെത്തിയത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മര്‍ദ്ദിച്ചെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തറിനെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തുണ്ട്. കണ്ണീര്‍ വാതകംകൊണ്ടും ജലപീരങ്കി കൊണ്ടും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടതില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.