പക്വത 25 വയസ്സിലേ വരൂ, ഹോസ്റ്റലില്‍ നൈറ്റ് ലൈഫ് വേണ്ടെന്ന് ആരോഗ്യസര്‍വകലാശാല
1 min read
കൊച്ചി: ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളാണ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 9.30 കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു പരാതി. ഈ പ്രതിഷേധത്തിനെതിരെയാണ് ആരോഗ്യ സര്‍വകലാശാല വിചിത്ര വാദങ്ങളോടുകൂടിയുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യാന്തര തലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25 വയസിലാണ് ഒരാള്‍ക്ക് പൂര്‍ണമായ പക്വത വരികയെന്നും അവര്‍ അതിന് മുമ്പ് എടുക്കുന്ന എന്ത് തീരുമാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കേണ്ടതുണ്ട് എന്ന് ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പഠിക്കുന്നതിനാണ് അവര്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നത് നൈറ്റ് ലൈഫ് ആസ്വദിക്കേണ്ടതില്ല എന്നും രാത്രിയില്‍ പുറത്തിറങ്ങേണ്ടതില്ല എന്നും സര്‍വകലാശാല പറയുന്നു. 9 മണിക്ക് കോളേജുകളിലെ ലൈബ്രറികള്‍ അടയ്ക്കും അതുകൊണ്ട് 9.30 യ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് പറയുന്നതില്‍ യാതൊരുവിധ തെറ്റുമില്ല.
അതേസമയം രാത്രി 11.30 വരെ കോളേജ് ലൈബ്രറി പ്രവര്‍ത്തിക്കുകയും പത്ത് മണിക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പോവണം എന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഹോസ്റ്റല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വാദങ്ങളെയാണ് സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തള്ളിക്കളയുന്നത്.